
പാരവാഷർ
പാരവാഷർ
തൊണ്ണൂറുകളുടെ മദ്ധ്യത്തിലെ ഗൾഫുജീവിതം ഭാഗ്യംകൊണ്ട് ഞങ്ങൾക്ക് ആടുജീവിതമായിരുന്നില്ല. .. സൗഹൃദക്കൂട്ടായ്മകളുടെ ഊഷ്മള കാലം... കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഒന്നിച്ചു പഠിച്ച ഞങ്ങൾ കൂടെ പഠിച്ചവരെയൊക്കെ ഒന്നൊന്നായിക്കൊണ്ടു വന്ന് ആ സൗഹൃദസംഘം വികസിപ്പിച്ചു കൊണ്ടേയിരുന്നു. വാരാന്ത്യങ്ങളിൽ സ്ഥിരം ഒത്തുകൂടിയും സൊറ പറഞ്ഞും പാരവച്ചും ജീവിതം ആലോഷമാക്കിയ കാലം.
അക്കൂട്ടത്തിൽ പാരവയ്പു സംഘത്തിന്റെ തലവൻ എന്റെ സീനിയറായ ബിലാൽ ആയിരുന്നു. തലൈവരുടെ ഫ്ലാറ്റായിരുന്നു ഞങ്ങളുടെ സ്ഥിരം ആഘോഷത്താവളം... മുന്നൂറ്റി അറുപത്തഞ്ചു ദിവസവും അതു ഞങ്ങൾക്കായി തുറന്നിട്ടിരുന്നു...എല്ലാ ദിവസവും ആർക്കെങ്കിലുമിട്ടൊരു പാരവച്ചില്ലെങ്കിൽ പുള്ളിക്കുറക്കം വരില്ല. കക്ഷിയുടെ പാരവയ്പ് സ്വപ്നം കണ്ട് ഞെട്ടിയുണർന്നവർപോലും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.
അങ്ങനെയിരിക്കെ നാട്ടിൽ പോയ ബിലാൽ ആരോടും പറയാതെ പെണ്ണുകെട്ടി തിരികെയെത്തി....തന്റെ പാരവയ്പിന്റെ രക്തസാക്ഷികൾ പകരം വീട്ടി നിക്കാഹു മുടക്കിയാലോ എന്നു മുൻകൂട്ടി കരുതി എടുത്ത ബുദ്ധിപൂർവ്വമായ നീക്കം. മടങ്ങിയെത്തിയ ബിലാൽ നവവധുവിനെ ഗൾഫിലെത്തിക്കാനുള്ള പരാക്രമം തുടങ്ങി. വീടെടുക്കുന്നു... അടുക്കള നിറയ്ക്കുന്നു. മണിയറയൊരുക്കുന്നു... അലങ്കാരപ്പണികൾ നടത്തുന്നു. ആകെ ജഗപൊഗ. ഭാര്യ ഡോക്ടറായതു കൊണ്ട് തറവരെ സാനിറ്റൈസ് ചെയ്യുന്നു. പൊണ്ടാട്ടി വരുന്നതിന്റെ തലേ ദിവസം അന്തിവിരുന്നും നൽകി ഞങ്ങളെ പുറത്താക്കി കക്ഷി വാതിലടച്ചു.... ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഞങ്ങൾക്കവിടെ പ്രവേശനമില്ലത്രേ.... ആദ്യമായി ഗൾഫിൽ വരുന്ന ഭാര്യമാർക്കു തന്റെ നേതൃത്വത്തിൽ നടത്താറുള്ള റാഗിങ്ങിന് താനും ഇരയാകാതിരിക്കാനുള്ള ബുദ്ധിപരമായ മറ്റൊരു നീക്കം.
രണ്ടാഴ്ച കഴിഞ്ഞിട്ടും ബിലാലിന്റെ ഒരനക്കവുമില്ല. ഒരു കാപ്പികുടിക്കുപോലും ഇനിയും വിളിച്ചിട്ടില്ല. പാരവയ്പുകൾ സമ്പൂർണ്ണമായി നിലച്ചിരിക്കുന്നു. മണവാട്ടിയെ റാഗു ചെയ്യാനുള്ള അവസരത്തിനായി കാത്തിരുന്ന ഞങ്ങളുടെ ക്ഷമ നശിച്ചു തുടങ്ങി... മനുഷ്യൻ ഇങ്ങനെ മാറുമോ...?
സഹികെട്ട ഞങ്ങൾ ഒടുവിലൊരു ചാരനെയിറക്കി. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ബിലാലിന് ബീബിയുമായി കറങ്ങാൻ കാറും ലൈസൻസുമുള്ള ഞങ്ങളുടെ ഒരു ജൂനിയറിനെ ശട്ടം കെട്ടി. സംഗതിയേറ്റു. ഒറ്റ ദിവസത്തെക്കറക്കം കൊണ്ടു തന്നെ ബിലാലിന്റെ അവസ്ഥയുടെ പൂർണ്ണരൂപം ചാരസന്ദേശമായെത്തി. ഡോക്ടർ ചില്ലറക്കാരിയല്ല. പട്ടാളച്ചിട്ട.... ബിലാലിനെ വരച്ചവരയിലാണു നിർത്തിയിരിക്കുന്നത്. സൗഹൃദ സംഗമങ്ങൾക്ക് വിലക്ക്... ഡോറിനു ഡബിൾ ലോക്ക്....വീട്ടിൽ വന്നാൽ ഫോൺ തൊട്ടു പോകരുത്. ചുരുക്കത്തിൽ പാരവയ്പ് സ്വാഹ..... സംസാരപ്രിയനായ ബിലാൽ ആർട്ടു സിനിമയിലെ നായകനെപ്പോലെ മൗനിയായിരിക്കുന്നു. ഞങ്ങൾ സുഹൃത്തുക്കൾക്ക് ഇതു താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഡോക്ടർക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പാരവയ്പു പ്രസ്ഥാനം തന്നെ ഇല്ലാതായേക്കാം.... ഡോക്ടർ സംഘശത്രുവാണെന്ന പ്രമേയം ഞങ്ങൾ പോളിറ്റ്ബ്യൂറോ കൂടി ഏകസ്വരത്തിൽ പാസാക്കി
കൂലംകഷമായ ചർച്ചകൾക്കൊടുവിൽ കുലംകുത്തിക്കെതിരെയുള്ള ആക്രമണത്തിന്റെ രൂപരേഖ തയ്യാറായി. രക്തസാക്ഷിയാക്കാൻ മറ്റൊരു ജൂനിയറും എന്റെ സഹായിയുമായ നവീനെ തിരഞ്ഞെടുത്തു.. ആക്രമിക്കുന്നത് പാരരാജാവിന്റെ തട്ടകത്തിലാണ്. ഒരു ചെറിയ പാളിച്ച പോലും വരാൻ പാടില്ല.
രാവിലെ ബിലാൽ ഓഫീസിൽ പോയെന്നുറപ്പിച്ചിട്ട് നവീനെക്കൊണ്ട് ഡോക്ടറെ വിളിപ്പിച്ചു. ലുലു സെന്ററിൽ നിന്നാണു വിളിക്കുന്നതെന്നും നിങ്ങൾക്ക് നറുക്കെടുപ്പിൽ ഒരു ഡിഷ്‌വാഷർ സമ്മാനമായി അടിച്ചിട്ടുണ്ടെന്നും വൈകിട്ട് 7മണിക്ക് സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കണമെന്നും അറിയിച്ചു. ചാരനിലൂടെ അവർ അവിടെപ്പോയെന്നും കിട്ടിയ കൂപ്പൺ പൂരിപ്പിച്ചിട്ടെന്നും അറിഞ്ഞിരുന്നതു കൊണ്ടാണ് തിരക്കഥയങ്ങനെ തുടങ്ങിയത്... സംഗതിയേറ്റു. ഡോക്ടർ ഉടനെ ബിലാലിനെ വിളിച്ചു വിവരമറിയിച്ചു. നിമിഷ നേരം കൊണ്ട് വിവരം ബിലാലിന്റെ ഓഫീസിൽ പരന്നു. ഉടൻ ചിലവു ചെയ്യണമെന്ന ആവശ്യമുയർന്നതോടെ ബിലാലിന്റെ മുഖത്തെ സന്തോഷം മാഞ്ഞു. രണ്ടു പെട്ടി കെ എഫ് സിയും മൂന്നു പെട്ടി പിസ്സയും ചോദിക്കാതെ തന്നെ ആരോ ഓർഡർ ചെയ്തു.. കൂടെ ഫ്രഷ് ജ്യൂസും. അടുത്തുള്ള ബ്യൂട്ടി പാർലറിന്റെ അഡ്രസ് തിരക്കിക്കൊണ്ട് ഡോക്ടറുടെ ഫോൺ താമസിയാതെ എത്തി. ഡിഷ് വാഷർ കൊണ്ടുവരാൻ പിക്ക് അപ്പ് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം കേട്ടപ്പോഴാണ് സംഗതി കയ്യിൽ പിടിച്ചു കൊണ്ടുവരാൻ പറ്റുന്ന വലുപ്പത്തിലുള്ളതല്ല എന്ന സത്യം ബിലാൽ തിരിച്ചറിയുന്നത്. നിന്നു തിരിയാൻ സ്ഥലമില്ലാത്ത അടുക്കളയിൽ ഇതിനിയെവിടെ വയ്ക്കും എന്നായി ബിലാലിന്റെ ചിന്ത.
പാരവയ്പ് അതിരുകടക്കണ്ട എന്നു തോന്നിയതുകൊണ്ട് വൈകിട്ട് ആറുമണിയോടെ ഞങ്ങൾ ബിലാലിനെ വിളിച്ചു ലുലുവിലേക്കു പോകണ്ട എന്നറിയിച്ചു. പാരരാജൻ പൊട്ടിത്തെറിച്ചു. ബ്യൂട്ടിപ്പാർലറിൽ നിന്നെത്തിയ ഭാര്യ ഡ്രസ്സിംഗ് കഴിഞ്ഞ് ക്യാമറക്കുമുന്നിൽ തിളങ്ങാനുള്ള അവസാന ഘട്ട മിനുക്കുപണിയിലാണ്. ബുക്കു ചെയ്ത പിക്കപ്പുക്കാരൻ താഴെയെത്താറായിരിക്കുന്നു. നാട്ടിലറിയിച്ചതു കൊണ്ട് ലോട്ടറിയടിച്ചതിന്റെ ആഘോഷം രണ്ടു കുടുംബത്തും ബിരിയാണി രൂപത്തിൽ വിളമ്പിത്തുടങ്ങിയിട്ടുണ്ടാവണം. മണിയറയിന്നു തന്റെ കൊലയറയാവുമെന്ന് ബിലാലിനുറപ്പായി...
ഡബിൾ ലോക്കുവീണ ഡോറിനു കാവലിരുന്നു പിറ്റേന്നു ഉറക്കച്ചടവോടെ ഓഫീസിലെത്തിയ ബിലാലിനു ചുറ്റും സുഹൃത്തുകൾ അഭിനന്ദനപ്പൂക്കളുമായി വീണ്ടുമെത്തി... ഡിഷ് വാഷറിന്റെ ബ്രാൻഡവർക്കറിയണം. ചിലർക്ക് വീട്ടിൽ വന്നു തന്നെ അതു പ്രവർത്തിപ്പിച്ചു കാണണം. അതിനായി വീട്ടിൽ വച്ചൊരു പാർട്ടി കൂടി നടത്തണമത്രേ.... ബിലാൽ പെട്ടു..... കൂപ്പൺ കാണാത്തതു കൊണ്ട് അവർ അതു തന്നില്ല എന്നു പറഞ്ഞു രക്ഷപെടാൻ ശ്രമിച്ച ബിലാലിനോട് ദുബായ് പോലീസ് ചീഫ് തന്റെ സുഹൃത്താണെന്നും ഇപ്പോൾ തന്നെ പറഞ്ഞു ശരിയാക്കാം എന്നും പറഞ്ഞ് മാനേജർ സായിപ്പ് ഫോൺ എടുത്തതും ബിലാൽ സാഷ്ടാംഗം കാലിൽ വീണു... കൂപ്പൺ വീട്ടിൽ തന്നെയുണ്ടാവുമെന്നും ശരിക്കൊന്നു കൂടി നോക്കി കിട്ടിയില്ലെങ്കിൽ അപ്പോൾ മതി പോലീസ് സഹായം എന്നും പറഞ്ഞ് തത്കാലം മുങ്ങി. ഭാഗ്യത്തിന് വാരാന്ത്യമായതു കൊണ്ട് ബിലാലിനു ശ്വാസം വിടാൻ രണ്ടു ദിവസം കൂടി കിട്ടി.
പാരവയ്ക്കാൻ സഹായിച്ച നവീനെ ഫോണിൽ കിട്ടാൻ ബിലാൽ പലതവണ ശ്രമിച്ചു. ഞങ്ങളവനെ വിട്ടു കൊടുക്കാതെ പാതാളത്തിലൊളിപ്പിച്ചു. ബിലാൽ നവീന്റെ പിതാമഹന്മാരെ സ്മരിച്ചു കൊണ്ടു പറഞ്ഞതൊന്നും തത്ക്കാലം ഞങ്ങൾ കൈമാറിയില്ല.
തിങ്കളാഴ്ച ഓഫീസിൽ ചെന്ന ബിലാൽ കൂപ്പൺ കിട്ടിയെന്നും സമയക്കുറവു കൊണ്ട് പോയി വാങ്ങാൻ പറ്റിയില്ലെന്നും പറഞ്ഞ് സായിപ്പിനെ ശാന്തനാക്കി. പിന്നീടു പല പല കള്ളങ്ങളും പറഞ്ഞ് ഒരാഴ്ച തള്ളിനീക്കി. അടുത്തയാഴ്ച കിട്ടിയ പീസിനു എന്തോ കുഴപ്പമുള്ളതു കൊണ്ട് മാറ്റിത്തരാൻ കൊടുത്തിരിക്കുകയാണെന്നു പറഞ്ഞു വീണ്ടും നീട്ടി.. പിന്നീടു കണക്ഷൻ പ്രോബ്ലം ഉണ്ടെന്നു പറഞ്ഞു. ഒരെണ്ണം വാങ്ങിവയ്ക്കാമെന്നു വച്ചാൽ അതുവയ്ക്കാൻ സ്ഥലമില്ലതാനും. എന്തിനു പറയുന്നു ഒരു മാസത്തോളം നീണ്ടു നിന്നു ബിലാലിന്റെ വീട്ടിലേയും ഓഫീസിലേയും പീഡനം. ഒടുവിൽ ഡിഷ് വാഷറിനുപകരം മറ്റെന്തോ വാങ്ങിയെന്നു പറഞ്ഞു ഓഫീസിൽ നിന്നും തടിതപ്പിയെങ്കിലും നവീനെ അന്വേഷിച്ച് കറങ്ങി നടന്നു കൊണ്ടിരുന്ന ബിലാലിനോടും അതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത പ്രിയ സുഹൃത്തുക്കളോടും ക്ഷമിക്കാൻ ഡോക്ടർക്കു കുറെക്കാലവും അഞ്ചു പവന്റെ മാലയും വേണ്ടി വന്നു. പാരവയ്പിന്റെ ലോകത്തു നിന്നു പൂർണ്ണമായും പിന്മാറിയ ബിലാൽ മൗനപർവ്വമേറിയെങ്കിലും ഞങ്ങൾ ഏകപക്ഷീയമായി പാരകൾ വിട്ടു കൊണ്ടേയിരുന്നു. പാരവയ്പിന്റെ ഭീഷ്മാചാര്യൻ ഞങ്ങൾ തീർത്ത പാരശയ്യയിൽ മൃതപ്രായനായി കിടക്കുന്നതു കണ്ടിട്ടും പ്രമേയം തിരുത്താൻ ഞങ്ങൾ തയ്യാറാവാത്തതുകൊണ്ടാണോ എന്നറിയില്ല ഒരു നാൾ ഡോക്ടർ ഗൾഫുവാസം മതിയാക്കി നാട്ടിലേക്കു വിട്ടു.
വർഷങ്ങൾ കടന്നു പോയി...ഇന്നു ബിലാലിന്റെ അറുപതാം പിറന്നാളാണ്. ഞങ്ങളുടെ മറുപാരയുടെ മുപ്പതാം വാർഷികവും. കുറ്റബോധത്താലെഴുതിയ ഈ ഓർമ്മക്കുറിപ്പും ഒപ്പം ഒരു ഡിഷ് വാഷറും സമ്മാനമായി കൊച്ചിയിലെ ബിലാൽമൻസിലിലേക്കയയ്ക്കുമ്പോൾ അതു പാരാചാര്യനുള്ള മൃതസഞ്ജീവനിയാകുമോ അതോ ഡോക്ടർബീബിയുടെ കലിപ്പുകൂട്ടുന്ന മറ്റൊരു കുത്സിത പ്രവർത്തിയായി മാറുമോ എന്തോ..?!