
പുരാവസ്തു
പുരാവസ്തു
കുടുംബത്തിലെ കുറെപ്പേരുമായൊരിയ്ക്കൽ തലസ്ഥാനത്തെ പ്രശസ്തമായ ഒരു കൊട്ടാരം സന്ദർശിയ്ക്കാൻ പോയതാണ്. കൊട്ടാരം നിറയെ പുരാവസ്തുക്കളുടെ സംസ്ഥാന സമ്മേളനം. ആക്രി കണ്ടാൽ ചാടി വീഴുന്ന ഭാര്യ, കയം കണ്ട കന്നു പോലെയായി. ആക്രിക്കാരു പോലുമെടുക്കാത്ത പലതും പുരാവസ്തുവെന്ന പേരിൽ ഭീകര വില കൊടുത്തു വാങ്ങിക്കൊണ്ടു വരുന്ന ശീലം കക്ഷിയ്ക്കു പണ്ടേയുള്ളതാണ്. സംസാരപ്രിയനായ ഗൈഡിനെക്കൂടി കിട്ടിയപ്പോൾ മൊത്തത്തിൽ സംഗതി ഉഷാർ . ഞങ്ങളുടെ സംശയങ്ങൾക്കു മുന്നിൽ പുള്ളിക്കാരൻ ചരിത്ര പണ്ഡിതനെപ്പോലെ ഉറഞ്ഞു തുള്ളി. മൂന്നു തലമുറയിൽപ്പെട്ട കുടുംബാംഗങ്ങൾ വാ പൊളിച്ചു നിന്നെല്ലാം കേൾക്കുകയാണ്. .ചരിത്ര ക്ലാസ്സിൽ പഠിച്ചവയൊക്കെ, ഗൈഡിൻ്റെ ഒഴുകിയെത്തുന്ന വിജ്ഞാനത്തിനു മുന്നിൽ ഒന്നുമല്ലെന്നു കണ്ടപ്പോൾ അതു പഠിപ്പിച്ച മാഷിനെക്കൂടി മ്യൂസിയത്തിൽ പ്രദർശിപ്പിയ്ക്കണമെന്നു തോന്നിപ്പോയി. ആരാധകരുടെ ജിജ്ഞാസ ഗൈഡിൻ്റെ ആവേശം കൂട്ടി. രാജാവിൻ്റെ വാൾ, സിംഹാസനം, കിടക്ക, വസ്ത്രങ്ങൾ, തലപ്പാവുകൾ, ചെരുപ്പുകൾ, മാലകൾ, പാത്രങ്ങൾ, നാണയങ്ങൾ, എണ്ണ ഛായാചിത്രങ്ങൾ, താളിയോലകൾ തുടങ്ങി കൗപീനം വരെ മുന്നിൽ നിരന്നു.
ഏതോ ഒരു തരികിട ജോത്സ്യൻ കഴിഞ്ഞ ജന്മത്തിൽ താനൊരു കൊട്ടാരം വാസിയായിരുന്നെന്നു പറഞ്ഞതോർമ്മ വന്ന ഭാര്യ, കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളെങ്ങാനും ഓർമ്മ വന്നാലോ എന്നാലോചിച്ചിട്ടെന്ന വണ്ണം രാജ്ഞിയുടെ പേരിലുള്ളതെല്ലാം അരിച്ചു പെറുക്കി നോക്കിത്തുടങ്ങി. അന്വേഷണം ഒടുവിൽ അടുക്കള വരെയെത്തി. രാജാവും രാജ്ഞിയും കഞ്ഞി കുടിച്ച പാത്രം പോലും ഗൈഡ് കാട്ടിക്കൊടുത്തു. ഇനിയെങ്ങാനും കൊട്ടാരത്തിലെ കുശിനിപ്പണിയാണോ ജോത്സ്യനുദ്ദേശിച്ചതെന്നു കരുതി കുശിനിക്കാരുപയോഗിച്ച സംഗതികൾ ചോദിച്ചപ്പോൾ ഗൈഡിൻ്റെ ഭാവം മാറി. കൊട്ടാരത്തിൽ രാജാവിൻ്റെയും കുടുംബാഗങ്ങളുടെയും ശേഖരം മാത്രമേ സൂക്ഷിയ്ക്കാറുള്ളൂ എന്ന് പരുഷമായയാൾ പറഞ്ഞു. കാലന്റെ കയറും ഹനുമാൻ്റെ ഗദയും എന്തിനു ടിപ്പുവിൻ്റെ വാളു പോലും രാജാവിൻ്റെ പേരിലാക്കുന്ന ഗൈഡിനോടാണ് കുശിനിക്കാരെക്കുറിച്ചു ചോദിച്ചതെന്ന് ഞങ്ങളോർത്തില്ല
ഗൈഡിൻ്റെ തള്ളലിൽ മുട്ടുവേദനയുമായെത്തിയ അമ്മായിയും ഭാര്യയോടൊപ്പം പടികൾ ചാടിക്കയറി മുകളിലെത്തുന്നതു കണ്ടപ്പോൾ രണ്ടാളും ഒരുമിച്ചാണു ജോത്സ്യനെക്കണ്ടതെന്ന് ഉറപ്പായി. സമയം നീളുന്നതിനനുസരിച്ച് ഗൈഡിൻ്റെ നാക്കിൻ്റെ നീളവും നീണ്ടു. ചരിത്രത്തെ കൊഞ്ഞണം കാണിയ്ക്കുന്ന മട്ടിൽ പല സാധനങ്ങളുടേയും പഴക്കം അയാളുടെ കാഴ്ചപ്പാടിൽ അഞ്ഞൂറും ആയിരവും വർഷം കടന്നു. നടന്നു നടന്നൊടുവിൽ ഏതോ ഒരു സ്ഥലത്തെത്തിയപ്പോൾ മൂലയ്ക്കൊരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ പൊടി പിടിച്ചിരിയ്ക്കുന്നതു കണ്ടപ്പോൾ അതു വരെ മൗനം പിടിച്ചിരുന്ന ഞാൻ ഇതും രാജാവുപയോഗിച്ചതാവും അല്ലേ എന്നു ചോദിച്ചതും , അതേ... അതേ ഒരഞ്ഞൂറുവർഷമെങ്കിലും പഴക്കം കാണും എന്ന മറുപടി കേട്ട ഞാൻ ഞെട്ടി. ഇയാൾ തമാശയാണോ പറയുന്നത് എന്നാലോചിച്ചു തുടങ്ങിയപ്പോഴേക്കും "ശരിയ്ക്കും? " എന്ന് അമ്മായിയും മരുമകളും അത്യത്ഭുതത്തോടെ ഒരുമിച്ചൊരു ചോദ്യം. അതേയെന്ന് ഗൈഡുറപ്പു കൊടുത്തതും, രണ്ടാളും അതിനെ തൊട്ടു തലോടാൻ തുടങ്ങി. ഭാഗ്യം... മ്യൂസിയമായതു കൊണ്ടതു വാങ്ങി വീട്ടിൽ കൊണ്ടുവന്നു കളർ ടിവിയ്ക്കു പകരം വയ്ക്കില്ലല്ലോ എന്നു മനസ്സു പറഞ്ഞു. മറ്റുള്ള ബന്ധുക്കളും അത്ഭുതത്തോടെ രാജാവുപയോഗിച്ച ടെലിവിഷൻ കാണാനും ഫോട്ടോയെടുക്കാനും തിരക്കു കൂട്ടിത്തുടങ്ങിയപ്പോൾ ഒരു നിമിഷം ക്ഷീണമെല്ലാം മറന്ന ഞാൻ നിയന്ത്രണം വിട്ട് പരിസരം മറന്നു പൊട്ടിച്ചിരിച്ചു. കാര്യം മനസ്സിലാവാത്ത ടെലിവിഷൻ ആരാധകർ എനിയ്ക്കെന്തു പറ്റിയെന്നാലോചിച്ച് പരസ്പരം നോക്കിത്തുടങ്ങി. ഒരു വശത്ത് ഞാനൊറ്റയ്ക്കും മറുവശത്ത് എന്നെ പൊട്ടനായിക്കാണുന്ന വലിയ ഒരു സംഘവും. അവരുടെ മുന്നിൽ ഞാനിപ്പോൾ തനി വിഡ്ഢി.
പെട്ടെന്ന് കാര്യം മനസ്സിലാക്കിയ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ മരുമകൻ മറുകണ്ടം ചാടി. എന്നോടൊപ്പം ചിരിയിൽ അവനും പങ്കെടുത്തു. ആശ്വാസം.... ഒരുത്തനെങ്കിലും കൂടെക്കൂടാൻ കുടുംബത്തുണ്ടല്ലോ. സമാധാനമായി. എങ്കിലും ഒരു കൗതുകത്തിന് ഞാനവനോട് എങ്ങനെ മനസ്സിലായെന്നു ചോദിച്ചപ്പോൾ ടെലിവിഷനിൽ കെൽട്രോൺ എന്നു കണ്ടപ്പോഴേ അവന് അഞ്ഞൂറു വർഷം പഴക്കമുണ്ടാകുമോ, എന്ന സംശയം ഉദിച്ചെന്ന മറുപടി കേട്ട ഞാൻ അവൻ്റെ ബുദ്ധിശക്തിയെ നമിയ്ക്കാൻ അറിയാതെ കൈകൂപ്പിപ്പോയ്. അഞ്ഞൂറു വർഷം പഴക്കമുള്ള ടെലിവിഷൻ കൺമുന്നിലെത്തിയിട്ടും അതു കണ്ടാസ്വദിയ്ക്കാതെ തമാശ പറഞ്ഞു ചിരിയ്ക്കുന്ന പൊട്ടന്മാരായ അമ്മാവനേയും മരുമകനേയും ഗൈഡും ബന്ധുക്കളുടെ സംഘവും ചേർന്ന് പുച്ഛത്തോടെ നോക്കിത്തുടങ്ങിയതോടെ ഇനിയുമവിടെ നിൽക്കുന്നതു പന്തിയല്ലെന്നു തിരിച്ചറിഞ്ഞു പടികളിറങ്ങി.