ഒരു തേപ്പ്കഥ

ഇന്നു വെള്ളിയാഴ്ച. അവധി ദിനമാണിവിടെ ദുബായില്‍.തേപ്പിനുള്ള ദിവസം കൂടിയായാണ് ഞാന്‍ പൊതുവേ വെള്ളിയാഴ്ചകളെ കാണുന്നത്. സന്തുഷ്ടമായ കുടുംബ ജീവിതത്തിന് വീട്ടുജോലികളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തുല്യ പങ്കാളിത്തമുണ്ടാവണമെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞങ്ങള്‍.

വാഷിംഗ് മെഷീന്‍ നന്നായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണോ എന്നറിയില്ല അലക്കിന്റെ  ഉത്തരവാദിത്വം ആദ്യം തന്നെ ഭാര്യ സ്വയമേറ്റെടുത്തു. ബെഡ്ഷീറ്റു പോലും ദിവസവും മാറ്റുന്ന ഒരു ശീലം കക്ഷിക്കുള്ളതുകൊണ്ട്‌  എന്‍റെ തേപ്പിനൊരിക്കലും പഞ്ഞം 
നേരിടാറില്ല.

പതിവു പോലെ ഇന്നും തേച്ചു കൊണ്ടിരിക്കുമ്പോഴാണ്‌  ഫോണ്‍ ശബ്ദിച്ചത്. വെള്ളിയാഴ്ച കാലത്തു തന്നെ ആരാണാവോ വിളിക്കുന്നത്‌  ? എടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ ക്ഷിപ്രകോപിയായ  എന്‍റെ മൂത്ത ജ്യേഷ്ഠന്‍റെ ഭാര്യ. ‘എടാ നിന്നെ ആ സിതാരയെങ്ങാനും  വിളിച്ചിരുന്നോ’ ഹലോ പറഞ്ഞതും ആമുഖമില്ലാതെ ചേട്ടത്തിയമ്മയുടെ ചോദ്യം. ‘ഏതു സിതാര ?’ ഒരു പിടുത്തം കിട്ടാതെ ഞാന്‍ ചോദിച്ചു. ‘വരുണിന്‍റെ കൂടെ പഠിച്ച സിതാര’ ഒരു നിമിഷം എനിക്കെല്ലാം കത്തി. ഒരു അമേരിക്കന്‍ പ്രണയ കഥയുടെ ചുരുളഴിഞ്ഞു തുടങ്ങി.

വരുണ്‍, ഏട്ടന്‍റെ ഒറ്റ പുത്രനാണ് ദുസ്വഭാവങ്ങളൊന്നുമില്ലാത്ത സമര്‍ത്ഥനായ പയ്യന്‍. ഒറ്റ കുഴപ്പമേ ഉള്ളൂ. ചേട്ടന്‍ വരച്ച വരയില്‍ യാത്ര ചെയ്തതു കൊണ്ടാണെന്നു തോന്നുന്നു, ജീവിതത്തില്‍ സ്വന്തമായ ഒരു തീരുമാനമെടുക്കാന്‍  മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല. വിദേശത്തു പോകണമെന്ന ആഗ്രഹം പൊടി തട്ടാന്‍ പോലും മെനക്കെടാറില്ല.

അച്ഛനെ പേടിയുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളും എന്നോടാണവന്‍ പറയാറുള്ളത്. പ്രണയം പോലും. ഒരിക്കല്‍ അവന്‍ പറഞ്ഞു. കൂടെ പഠിക്കുന്ന സിതാര എന്ന പെണ്‍ കുട്ടിയോട് അവന് പ്രണയമാണെന്ന്. അസ്ഥിയ്ക്കു പിടിച്ച പ്രേമം.സിതാര സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വീട്ടില്‍ നിന്നാണെങ്കിലുംകോളേജ് ടോപ്പറാണ്. പ്രണയകാലത്തിനിടയില്‍ സെമസ്റ്റര്‍ റിസല്‍ട്ട് വന്നു. സിതാര ഒന്നാമതു തന്നെ. പക്ഷെ വരുണിന് സപ്ലിയടിച്ചു. ജീവിതത്തിലെ ആദ്യ പരാജയം

വിവരം അറിഞ്ഞതും ചേട്ടന്‍ ഉറഞ്ഞു തുള്ളി. പൂര്‍ണ്ണ ഉത്തരവാദിത്തം സിതാരയില്‍ കെട്ടിവച്ച ചേട്ടന്‍ അവരുടെ പ്രണയ കഥയിലെ വില്ലനായി മാറി. അവളെക്കുറിച്ചുളള  ഒന്നും പിന്നവന്‍ പറഞ്ഞു കേട്ടിട്ടില്ല.

കോഴ്സു കഴിഞ്ഞ സമയത്ത് അവനെന്നെ വന്നു കണ്ടു. സിതാരയ്ക്ക്‌  ഉപരിപഠനത്തിന് വിദേശത്ത് പോകാന്‍ സഹായം ചോദിച്ച്. വരുണിനെ വിദേശത്തയക്കാന്‍  ഞാന്‍ പണ്ടേ ഏറ്റിട്ടുള്ളതാണ്. ആ അവസരം അവള്‍ക്ക്‌  കൊടുക്കണമെന്ന് .

ഞാനാലോചിച്ചപ്പോള്‍ അതാണു ശരി. അവരിലൊരാള്‍ അക്കരെയെത്തിയാല്‍ മാത്രമേ അവരുടെ പ്രണയത്തിന് ഒരു തീരുമാനമാകൂ. അത് സിതാരയാണെങ്കില്‍ കൂടി. ഏട്ടനെ അനുനയിപ്പിക്കാന്‍  അപ്പോള്‍ പ്രയാസമുണ്ടാവില്ല. വിവാഹം കഴിച്ചാല്‍ വരുണിനും അമേരിയ്ക്കക്ക്‌ പോകാമല്ലോ. പിന്നൊന്നും നോക്കിയില്ല. അവന്‍ ചോദിച്ച പണവും ഗ്യാരണ്ടി കത്തും എല്ലാം നല്‍കി. സിതാര യാത്രയുമായി. ചിറകിനടിയില്‍ നിന്നു വിടാതിരിക്കാന്‍  ഏട്ടന്‍ വരുണിനെ തന്‍റെ സ്ഥാപനത്തില്‍ തന്നെ ട്രയിനിയായും കയറ്റി. ഏടത്തിയമ്മ മാത്രം എല്ലാം അറിയുന്നുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ എതിര്‍പ്പു കാണിച്ചിരുന്നെങ്കിലും മനസ്സുകൊണ്ടവര്‍ സിതാരയെ മരുമകളായിത്തന്നെ കണ്ടു. തിരക്കിന്റെ ലോകത്തായിരുന്ന ഞാന്‍ പക്ഷെ പിന്നീടവനോട് അതേക്കുറിച്ച്‌ ചോദിക്കാന്‍ വിട്ടു പോയി. അവന്‍ പറയാനും.

‘എടാ സിതാരയുടെ കല്ലാണം കഴിഞ്ഞെന്ന്. കൂടെ പഠിക്കുന്ന  ഏതോ പയ്യനുമായി. രണ്ടു മാസമായത്രേ. വരുണിനെ പോലുമവള്‍ അറിയിച്ചില്ല !’

കൂടുതലൊന്നും പറയാതെ ഞാന്‍ ഫോണ്‍ വച്ചു. അറിയാതെ ഒരു ദീര്‍ഘനിശ്വാസമിട്ടു. തേപ്പുപെട്ടി കയ്യിലെടുത്തു വീണ്ടും പൂര്‍വ്വാധികം ശക്തിയായി തേപ്പു തുടര്‍ന്നു.

സോഹന്‍ റോയ്