അളിയൻ ബാബയും നാൽപ്പത്തൊന്നു "കള്ള"ന്മാരും

അളിയൻ ബാബയും നാൽപ്പത്തൊന്നു "കള്ള"ന്മാരും

വേനലിൽ പൊരിയുന്ന ഹിമാലയവും നൈനിറ്റാളുമൊക്കെ കണ്ടു തളർന്ന് നേരേയെത്തിയത് ഗ്ലോബൽ വാമിങ്ങിൽ കത്തുന്ന ദുബായിലേക്ക്. വറുചട്ടിയിൽ നിന്ന് എരിതീയിലേക്കെന്ന അവസ്ഥ. ചൂട് അമ്പതു ഡിഗ്രിക്കും മേലെ. മദ്ധ്യവേനലവധിയായതു കൊണ്ട് കുട്ടികളുമായി അമ്മമാരൊക്കെ നാട്ടിലേക്കു കടന്നിരിക്കുന്നു. അടിമക്കണ്ണുകളായ കണവന്മാർക്ക് എന്തു വേനലവധി....? നാട്ടിലെ മഴയാഘോഷിക്കാൻ പോയാൽ ചിലപ്പോൾ കഞ്ഞികുടി തന്നെ മുട്ടും....

അളിയന്മാർ രണ്ടാളും കുടുംബമായി ദുബായിൽ തന്നുണ്ട്. ഭാഗ്യം അവരെ ഉപേക്ഷിച്ച് കുടുംബം നാടുപിടിച്ചിട്ടില്ല. മഴകാണണമെന്ന് പറഞ്ഞവരുടെ കുട്ടികൾ ബഹളം വയ്ക്കുന്നുണ്ട്. 

കാലാവസ്ഥ നോക്കാതെ ഹിമാലയത്തിൽ പെങ്ങളെന്നെ കൊണ്ടുപോയി കഷ്ടപ്പെടുത്തിയ കഥ വായിച്ച അളിയന്മാരിലൊരാൾക്ക് മനസ്സിൽ കുറ്റബോധം തോന്നിയതു കൊണ്ടാണോ എന്നറിയില്ല എന്നെ ഇന്ത്യയിലെ ഏറ്റവും   തണുപ്പുള്ള സ്ഥലത്തു തന്നെ കൊണ്ടുപോയി കുടുംബത്തിനുണ്ടായ മാനഹാനി മാറ്റണമെന്ന വാശി... ആലോചിച്ചപ്പോൾ അതിനു പറ്റിയ സ്ഥലം കാശ്മീർ തന്നെ. സിയാച്ചിനൊക്കെ ആ പ്രദേശത്താണല്ലോ... മുന്നൂറ്റി അറുപത്തഞ്ചു ദിവസവും മഞ്ഞുമൂടിക്കിടക്കുന്നിടമാണെന്നറിയാം..... മൈനസ് അറുപതു കാണിച്ചില്ലെങ്കിലും എന്നെ മൈനസ് ഇരുപതിലെങ്കിലും കൊണ്ടു പോയി മരവിപ്പിച്ച് പെങ്ങളെക്കുറിച്ചുള്ള കഥയെഴുത്തു നിർത്തിക്കണമെന്ന ഗൂഢ ഉദ്ദേശമുണ്ടായിരുന്നതു പോലെ. ഐഡിയ കേട്ടതും ഭാര്യഭക്ത അതിനടുത്തുള്ള അമർനാഥിനു കൂടി പോകാൻ പദ്ധതിയിട്ടു. ഒരു വെടിക്കു രണ്ടു പക്ഷി.

നാല്പതോളം വരുന്ന കസിൻസിനെക്കൂടി കൂട്ടി കാശ്മീർ ട്രിപ്പ് ഒന്നു കൊഴുപ്പിക്കാൻ തന്നെ അളിയൻ തീരുമാനിച്ചു. പലരും ഗൾഫിലെച്ചൂടിൽ നിന്നും മോക്ഷം കൊതിച്ചു വരുന്നവരാണ്. തന്റെ സംഘടനാ മികവ് കുടുംബക്കാർ കൂടി അറിയട്ടെ എന്നു കരുതി വളരെയധികം പ്ലാനിങ്ങോടു കൂടിയാണ് കക്ഷിയുടെ നീക്കങ്ങൾ. വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുന്നു , ചെക്ക് ലിസ്റ്റുകൾ എല്ലാവർക്കും നൽകുന്നു , മുന്നറിയിപ്പുകളുടെ  പ്രവാഹം,  "കള്ള" ന്മാർ മറക്കാതെ കരുതേണ്ട സംഗതി, കൊടും തണുപ്പിലിടേണ്ട വസ്ത്രങ്ങൾ, ഐസിലുപയോഗിക്കേണ്ട ഷൂസ്, പവർ ബാങ്ക്, ഐസ് വാരിയെടുക്കാനും എറിഞ്ഞു കളിക്കാനുമുള്ള പ്രത്യേക ഗ്ലൗസ്സ് എന്നു വേണ്ട ഐസ് പറ്റിയാൽ മുടിയുണക്കാൻ ഡ്രൈയർ വരെ കരുതണമെന്ന് അറിയിപ്പുണ്ടായി. 

നാട്ടിൽ മഴ തകർത്തു പെയ്യുകയാണ്. അവിടുള്ള ഏതെങ്കിലും റിസോർട്ടിൽ മഴക്കാറ്റേറ്റ് രണ്ടടിച്ചിരുന്നാൽ പോരേ എന്ന് പല ആസ്ഥാന കള്ളടിയന്മാരും ചോദിച്ചു. ഏജന്റിന് പണം കൊടുത്തു കഴിഞ്ഞതു കൊണ്ട് തണുപ്പത്ത് കാശ്മീരിലെ ഐസിട്ടടിക്കുന്നതു വർണ്ണിച്ചവരെ അളിയൻ കൊതിപ്പിച്ചു വീഴ്ത്തി . മുറ്റത്തു വെള്ളത്തിൽ വള്ളമോടിക്കുന്ന കുട്ടികളെ ഐസ് വാരിയെറിയുന്നതു പറഞ്ഞു മയക്കിയതോടെ അവരും റെഡി.. മോതിരത്തിനുള്ളിലൂടെ കടത്താവുന്ന കാശ്മീർ സാരിയുടെ കഥ കേട്ടതോടെ വനിതാസംഘത്തിന്റെ മുഖത്ത് മീൻ വറുക്കുമ്പോൾ പൂച്ചകൾക്കുണ്ടാവുന്നതു പോലൊരു ഭാവമാറ്റം...

ഞങ്ങൾക്ക് അമർനാഥ് ക്ഷേത്ര ദർശനത്തിനുള്ള അനുവാദം കിട്ടിയ ദിവസം അനുസരിച്ച് രണ്ടു ദിവസം സംഘത്തോടൊപ്പം കൂടാം... ഏജന്റ് അതിനനുസരിച്ച് യാത്രയിൽ ചില മാറ്റങ്ങൾ വരുത്തി. വേണമെങ്കിൽ അഞ്ചര മണിക്കൂർ കൊണ്ട് ശ്രീനഗറിൽ നിന്നും സിയാച്ചിനിലെത്തി അന്നു തന്നെ മടങ്ങാം..... കുടുംബക്കൂട്ടം കൊച്ചിയിൽ നിന്നും ഞങ്ങൾ ദുബായിൽ നിന്നും ഒരേ സമയം ശ്രീനഗർ എയർപ്പോർട്ടിൽ ചെന്നിറങ്ങി. ഫ്ലൈറ്റ് ചാർട്ടർ ചെയ്തു വരുന്നതു പോലെയാണ് കൊച്ചിയിൽ നിന്നുള്ള വൻ സംഘത്തിന്റെ വരവ്.  പുറത്തു മഞ്ഞും മഴയും കാണുമെന്നു കരുതി പലരും കട്ടി ജാക്കറ്റും മഴക്കോട്ടും ധരിച്ച് അന്യഗ്രഹ ജീവികളെപ്പോലെയാണ്  വരവ് .... നാട്ടിൽ കിട്ടാത്ത ഐസിൽ നടക്കേണ്ട ഷൂ, തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെപ്പോയി വാങ്ങിയവർ ഇട്ടു മുതലാക്കാൻ അതിട്ടാണു വരുന്നത്. അതിരാവിലെ തന്നെ വലിച്ചു കേറ്റിയിട്ടതു കൊണ്ട് കാലിനല്പം വിങ്ങലുള്ളത് നടപ്പിലറിയാം....ഏകെ 47 നുമായി കാവൽ നിൽക്കുന്ന പട്ടാളക്കാർ അവരെക്കണ്ട് സ്പെഷ്യൽ കമാണ്ടോസ് ആണെന്ന് തെറ്റിദ്ധരിച്ച് സല്യൂട്ട് അടിച്ചോ എന്നൊരു സംശയം..  പുറത്തേക്കിറങ്ങിയ ഞങ്ങളെ എതിരേറ്റത് ചൂടും പൊടിയും. കേരളത്തിലെത്തിയ മൺസൂൺ പെയ്തു പെയ്തിങ്ങെത്തണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ഗൂഗിൾ ഭഗവാനോടു ചോദിച്ചറിഞ്ഞു.  തൊണ്ണൂറു ദിവസമായി ഒരു തുള്ളി ചാറിയിട്ടില്ലത്രേ....
ഐസു മൂടിയ ഒരു മല പോലും ശ്രീനഗറിന്റെ ചുറ്റളവിലില്ലെന്ന്... എല്ലാം ഉരുകി പുഴകൾ പോലും വറ്റിയിരിക്കുന്നു.. കുടിവെള്ളത്തിനായി ജനങ്ങൾ റോഡ് ഉപരോധിക്കുന്നതു കൊണ്ട് അടുത്ത ദിവസത്തെ യാത്രയും സംശയത്തിലാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് കാശ്മീരിലെന്നറിഞ്ഞ സംഘത്തിന്റെ കളിയും ചിരിയും മാറി... ചൂടു സഹിക്കാതെ കുട്ടികൾ തളർന്നതോടെ അമ്മമാർ രൗദ്രഭാവമെടുക്കുന്നതു കണ്ട് മുന്നിൽ നിന്നു നയിച്ച അളിയൻ മെല്ലെ പിന്നിലേക്കു വലിഞ്ഞു... സിയാച്ചിനിലിത്ര തണുപ്പുണ്ടാകുമോ അളിയാ എന്ന എന്റെ ഊത്തു കേൾക്കാത്ത മട്ടിൽ അളിയൻ റിവേഴ്സ്  ഗിയറിൽ തുടർന്നു. പക്ഷേ ചെന്നു പെട്ടത് മഴയത്ത് റിസോർട്ടിൽ ആഘോഷിക്കാനിരുന്ന കൂട്ടത്തിലേക്ക്. "ഹോട്ടടിക്കേണ്ടവർ വാട്ടർ കുറച്ചു നേരം പുറത്തു വയ്ക്കുക. " ആ ഊത്തും അളിയൻ കേട്ടില്ലത്രേ.....!!

അടുത്ത രണ്ടു ദിവസം ശ്രീനഗറിൽ തന്നെ തങ്ങി വേണം പല സ്ഥലങ്ങളും കാണേണ്ടത്. ഏജന്റ് ഉഡായിപ്പാണോന്ന് വിളിക്കാൻ വന്ന  വണ്ടി കണ്ടപ്പോഴേ തോന്നി. ഹോട്ടൽ കണ്ടപ്പോൾ സംശയം പൂർണ്ണമായി. ഏ.സി പല റൂമിലും ഹീറ്ററാണ്. ഇടയ്ക്കിടക്ക് കറന്റു കട്ടും. വൈഫൈ കിട്ടാതായതോടു കൂടി ടീനേജേഴ്സും വയലന്റായിത്തുടങ്ങി.... മുപ്പതു വർഷം പുറകിൽ കഴിയുന്ന കാശ്മീരിലെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്കിന്റെ പ്രത്യേകത കൊണ്ട് ഞങ്ങളിൽ മിക്കവരുടേയും മൊബൈൽ വർക്കു ചെയ്യുന്നില്ല. കാശ്മീരിനെക്കുറിച്ചു വർണ്ണിച്ചയച്ച ഏജന്റിന്റെ മെസ്സേജസ്സിൽ ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ എന്നോർത്ത അളിയൻ ഗൂഗിൾ ഭഗവാനോടു പ്രാർത്ഥിക്കാഞ്ഞതിൽ സ്വയം ശപിച്ചു. 

അന്തിക്കള്ളടിക്കാനുള്ള സമയമായതോടെ കസിൻസ് എല്ലാം മറന്നൊത്തു കൂടി. സംഗതിയെല്ലാം കയ്യിലുണ്ട്. പക്ഷേ ഐസുമായി ഇപ്പോഴെത്താമെന്നു പറഞ്ഞു പോയ അളിയന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ. കാത്തിരുന്നു മടുത്ത ഞങ്ങൾ ഗ്ലാസ്സിലിടാനുള്ള ഐസുപോലും കാശ്മീരിലിന്നില്ല എന്ന ദുഃഖസത്യം തിരിച്ചറിഞ്ഞ് അളിയൻ ബാബയ്ക്കും നാല്പത്തൊന്നു കള്ളടിയന്മാർക്കും ചിയേഴ്സ് പറഞ്ഞടി തുടങ്ങി..'

സമീപകാല കഥകൾ

അളിയൻ ബാബയും നാൽപ്പത്തൊന്നു "കള്ള"ന്മാരും

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

പുരാവസ്തു

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ